
ദോഹ: ജോർദാൻ, ബഹ്റൈൻ, കുവൈത്ത് എന്നീ രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന ആവർത്തിച്ചുള്ള ആക്രമണങ്ങളെ ഖത്തർ ശക്തമായ ഭാഷയിൽ അപലപിച്ചു. ഈ ആക്രമണങ്ങൾ പ്രസ്തുത രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ കടുത്ത ലംഘനമാണെന്നും ഖത്തർ വ്യക്തമാക്കി.
വ്യാഴാഴ്ച ഖത്തർ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.
മേഖലയെ ഇത്തരം അനാവശ്യ സംഘർഷങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് ഖത്തർ ആവശ്യപ്പെട്ടു. തർക്കങ്ങൾ പരിഹരിക്കാൻ നയതന്ത്ര ചർച്ചകളുടെയും സമാധാനപരമായ ഇടപെടലുകളുടെയും പാത സ്വീകരിക്കേണ്ടതുണ്ട്. പ്രാദേശികവും അന്തർദേശീയവുമായ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ ഇത് അത്യന്താപേക്ഷിതമാണെന്നും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
"സഹോദര രാജ്യങ്ങളായ ജോർദാൻ, ബഹ്റൈൻ, കുവൈത്ത് എന്നിവരുമായി ഖത്തർ പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. തങ്ങളുടെ പരമാധികാരവും സുരക്ഷയും കാത്തുസൂക്ഷിക്കാൻ ഈ രാജ്യങ്ങൾ സ്വീകരിക്കുന്ന എല്ലാവിധ നടപടികൾക്കും ഖത്തറിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയംവ്യക്തമാക്കി.മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ എല്ലാ കക്ഷികളും അടിയന്തരമായി ഇടപെടണമെന്നും ഖത്തർ ഔദ്യോഗിക പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.











